മൂലമ്പിള്ളി പാക്കേജ്: പുനരധിവാസം മുന്‍കൂര്‍ നല്‍കാതെയുള്ള കുടിയൊഴിപ്പിക്കലിനെ ചെറുക്കണം പ്രൊഫ.കെ.അരവിന്ദാക്ഷന്‍   Leave a comment

moolampilly june 15

 പ്രതിഷേധ യോഗത്തില്‍ വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം
കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷന്‍ നിര്‍വ്വഹിക്കുന്നു.

 പ്രതിഷേധ വരാചരണം പ്രകടനത്തോടെ ആരംഭിച്ചു
കൊച്ചി, 2015 ജൂണ്‍ 15, മൂലമ്പള്ളിപുനരധിവാസപാക്കേജ് ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ജൂണ്‍ 15 മുതല്‍ 22 വരെ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധവാരാചരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിന് പേര്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് മേനക ജംഗ്ഷനില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. മൂലമ്പിള്ളിപാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തയ്യാറാവാത്ത ഭരണാധികാരികളെ, വികസനത്തിന്റെ പേരില്‍ നടത്തുന്ന പുനരധിവാസം നല്‍കാതെയുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നടത്താന്‍ ഇനിമേല്‍ അനുവദിക്കരുതെന്ന് പ്രൊഫ. കെ.അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. ജീവിതവും ഉപജീവനമാര്‍ഗ്ഗവും അടഞ്ഞ് നരകിക്കുന്ന വികസനത്തിന്റെ ഇരകളെയാണ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പ്രബുദ്ധമായ മനഃസാക്ഷി വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് സമരംചെയ്തു നേടിയെടുത്ത പുനരധിവാസപ്പാക്കേജിന്റെ ഒപ്പമാണ്. ഇതിനെ അവഗണിച്ചുകൊണ്ട് പുനരധിവാസനടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളുടെ കോടതിയില്‍ വിചാരണയ്ക്ക് കാരണമാകുമെന്ന് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിനും യോഗത്തിനും നേതാക്കളായ കെ.റെജികുമാര്‍, കുരുവിള മാത്യൂസ് ഏലൂര്‍ ഗോപിനാഥ്, വി.കെ.അബ്ദുള്‍ ഖാദര്‍, വി.പി.വില്‍സണ്‍, പി.ജെ. സെലസ്റ്റ്യന്‍ മാസ്റ്റര്‍, പി.എം.ദിനേശന്‍, കെ.കെ.ശോഭ, എന്‍.കെ. സുരേഷ്, മൈക്കിള്‍ കോതാട്, സ്റ്റാന്‍ലി മുളവുകാട്, ജോണ്‍സണ്‍ മൂലമ്പള്ളി, ജോസി വടുതല, ആഗ്നസ് ആന്റണി, മേരി ഫ്രാന്‍സിസ്, ജോണി ജോസഫ്, സാബു ഇടപ്പളളി, ചിന്നമ്മ ജോസഫ്, ജോര്‍ജ്ജ് അമ്പാട്ട്, പി. ഉണ്ണികൃഷ്ണന്‍, ജമാല്‍ മഞ്ഞുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Posted June 17, 2015 by EKMSUCI in JPS, Recent

Leave a comment