Archive for the ‘Uncategorized’ Category

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം   Leave a comment

mvjss ekm

മുളന്തുരുത്തിയിൽ വെട്ടിക്കൽ സ്‌കൂളിൽ നടന്ന ലഹരിവിരുദ്ധ മാസാചരണ സമ്മേളനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

എറണാകുളം ജില്ലാതല ഉദ്ഘാടനം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ എസ്എസ്എസ് അങ്കണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോൻ നിർവ്വഹിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സൂസൻ ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ അംഗം കെ.എസ്.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കവി സത്കലാ വിജയൻ ലഹരിവിരുദ്ധഗാനം ആലപിച്ചു. വിവിധ സ്‌കൂളുകളിൽ നിന്ന് ലഹരിവിരുദ്ധ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാത്ഥികൾക്ക് കെ.കെ.ഗോപിനായർ, എൻ.ആർ.സെനിത്കുമാർ, ബിനുരാജ് കലാപീഠം, കെ.കെ.സുകുമാരൻ എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. സമിതി മേഖലാ സെക്രട്ടറി റെജിഐപ്പ് സ്വാഗതവും പ്രിൻസിപ്പാൾ സൂസി ചെറിയാൻ നന്ദിയും പറഞ്ഞു.

സ്‌കൂൾമാനേജർ റവ.ഫാ. വിനോദ് ജോർജ്ജ്, ഫാ.എബ്രഹാം ജേക്കബ്, ഫാ. ജോസ് വെട്ടിക്കുഴി, പെരുമ്പിള്ളി വായനശാലാ പ്രസിഡന്റ് റീജ സതീഷ്, എം.കെ.ഉഷ, എൻ.എം.ബാബു, പിറ്റിഎ കമ്മിറ്റി ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ വെട്ടിക്കൽ ജംഗ്ഷനിൽനിന്നാരംഭിച്ച മദ്യവിരുദ്ധ റാലിയിൽ വിവിധ സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികൾ അണിനിരന്നു. തുടർന്ന്, സ്‌കൂൾ അങ്കണത്തിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സും, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സും നൽകിയ ഗാർഡ് ഓഫ് ഓണർ മുഖ്യാതിഥി ഡിവൈഎസ്പി കെ.ബിജുമോൻ സ്വീകരിച്ചു.

Advertisements

Posted July 15, 2017 by EKMSUCI in MVJSS, News, PEOPLE'S MOVEMENT, Recent, Uncategorized

തൃപ്പൂണിത്തുറയിൽ നടന്ന പ്രതിഷേധ ദിനാചരണയോഗത്തിൽ എസ്‌യുസിഐ(സി) എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ പ്രസംഗിക്കുന്നു   Leave a comment

gst ekm 2.jpg

Posted July 15, 2017 by EKMSUCI in News, Recent, SUCI NEWS, Uncategorized

പ്രചോദനയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ ക്യാമ്പ്‌   Leave a comment

ആമ്പല്ലൂര്‍ തോട്ടറ സ്‌കൂളില്‍ നടന്ന ക്യാമ്പ് കെ,എസ്.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂര്‍ തോട്ടറ സ്‌കൂളില്‍ നടന്ന ക്യാമ്പ് കെ,എസ്.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രചോദനയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ ആമ്പല്ലൂരിലും പിറവം പെരിയപ്പുറത്തും കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു.
പെരിയപ്പുറം ഗവ.യു.പി.സ്‌കൂളില്‍ ഡിസംബര്‍ 23 ന് സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ക്യാമ്പ് ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാചാപ്റ്റര്‍ അംഗം കെ.എസ്.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രചോദന ജില്ലാ സംഘാടക കമ്മിറ്റിയംഗം രശ്മി രവി അദ്ധ്യക്ഷത വഹിച്ചു. കെ.ജി.അനില്‍കുമാര്‍, എം.കെ.ഉഷ, ടി.സി.കമല, കലാ സുധാകരന്‍, സി.എന്‍.മുകുന്ദന്‍, ടി.സി.രമണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശാസ്ത്രക്ലാസ്സുകളും, ചിത്രരചന-നാടക ശില്‍പ്പശാലകളും നടന്നു. കെ.എസ്.ഹരികുമാര്‍, കെ.ജി.അനില്‍കുമാര്‍, സി.കെ.ശിവദാസന്‍, കെ.പി.സാല്‍വിന്‍, അഞ്ജലി സുരേന്ദ്രന്‍, നിലീന മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. സമാപനസമ്മേളനത്തില്‍ പി.എം.ദിനേശന്‍ ക്യാമ്പ് സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എസ്.സുരേന്ദ്രന്‍ പമ്പാക്കുട ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിജോ കെ. മണി, നിലീന മോഹന്‍കുമാര്‍, പി.കെ.പ്രശാന്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ആമ്പല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ന് തോട്ടറ സംസ്‌കൃത സ്‌കൂളില്‍ നടന്ന 9-ാമത് കുട്ടികളുടെ ക്യാമ്പ് കെ.എസ്.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും വൈക്കം മുഹമ്മദ് ബഷീറിനെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്സുകളും ചിത്രരചന, സംഗീതം, ലേഖനപരിചയം തുടങ്ങിയവിഷയങ്ങളിലുള്ള ശില്‍പ്പശാലകളും നടന്നു.
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അസി.റീജ്യണല്‍ ഡയറക്ടര്‍ ഡോ.ജലജാകുമാരി, കെ.ജി.അനില്‍കുമാര്‍, കലാസുധാകരന്‍, അഡ്വ. സുജ ആന്റണി, കെ.ഒ.സുധീര്‍, എം.കെ.ഉഷ എന്നിവര്‍ക്ലാസ്സുകള്‍ക്കും ശില്‍പ്പശാലകള്‍ക്കും നേതൃത്വം നല്‍കി.
വൈകിട്ട് നടന്ന സമാപനസമ്മേളനം പ്രചോദന ഉപദേശക സമിതിയംഗം എന്‍.ആര്‍.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ഒ.ഷാന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍.മോഹനന്‍, ടി.സി. കമല, നിലീന മോഹന്‍കുമാര്‍, ആതിരാ ഹരിദാസ്, പ്രിയനന്ദനന്‍, ശരത്ഷാന്‍ എന്നിവര്‍ സംസാരിച്ചു.

Posted December 23, 2015 by EKMSUCI in AIDSO, Frontal Organisations, Uncategorized

ലഹരി വ്യാപനത്തിന് താക്കീത്: മുളന്തുരുത്തി-ചോറ്റാനിക്കര മനുഷ്യശൃംഖലയില്‍ ആയിരങ്ങള്‍ അണിനിരന്നു.   Leave a comment

Mulanthuruthy web

Please See the video (trial)

മുളന്തുരുത്തി, ജൂണ്‍ 26,
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കുക, കുട്ടികളെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല ലഹരി വ്യാപാരത്തിനെതിരെയുള്ള ജനകീയ താക്കീതായി മാറി. മുളന്തുരുത്തി മേഖലയിലുള്ള എല്ലാ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും ശൃംഖലയില്‍ അണിനിരന്നു. കരവട്ടെ കുരിശിലെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നഗറില്‍ നടന്ന യോഗത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സൂസണ്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.അരവിന്ദാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.ആര്‍ മോഹന്‍കുമാര്‍, വി.ഐ റെജി, ടി.കെ സുധീര്‍കുമാര്‍, പ്രൊഫ. ആമ്പല്ലൂര്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുളന്തുരുത്തി ഗവണ്‍മെന്റ് എച്ച്.എസ്.എസ് ജംഷനിലെ പ്രൊഫ. എം.പി മന്മഥന്‍ നഗറില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപി നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജെ.ജേക്കബ്ബ്(എക്‌സ്. എം.എല്‍.എ) ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ആര്‍.സെനിത്ത്കുമാര്‍, വേണുഗോപാല്‍, കെ.എ ജോഷി, കെ.കെ. വേലായുധന്‍,സി.കെ. റെജി എന്നിവര്‍പ്രസംഗിച്ചു.
ചോറ്റാനിക്കരയില്‍ ഗവ. വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേന്നു നടത്തിയ മനുഷ്യശൃംഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ കണ്‍വീനര്‍ എന്‍.ആര്‍. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിന്‍സന്റ് മാളിയേക്കല്‍(സ്ത്രീ സുരക്ഷ സമിതി) ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രകാരനും കവിയുമായ സദ്കലാവിജയന്‍ സന്ദേശഗാനം അവതരിപ്പിച്ചു. പ്ലക്കാഡുകളും ചിത്രങ്ങളുമായി ലഹരി വിരുദ്ധ മനുഷ്യശൃംഖലയില്‍ അണിചേര്‍ന്ന കുട്ടികളുടെ നാടകങ്ങള്‍, മൈം, ടാബ്ലൊ എന്നിവയും ശ്രദ്ധേയമായി.

Posted June 26, 2015 by EKMSUCI in MVJSS, PEOPLE'S MOVEMENT, Uncategorized

സോഷ്യലിസ്റ്റ്‌ യൂണിറ്റി സെന്റര്‍ ഓഫ്‌ ഇന്‍ഡ്യ (കമ്മ്യൂണിസ്റ്റ്)   Leave a comment

സോഷ്യലിസ്റ്റ്‌ യൂണിറ്റി സെന്റര്‍ ഓഫ്‌ ഇന്‍ഡ്യ (കമ്മ്യൂണിസ്റ്റ്) മാര്‍ക്‌സിസം – ലെനിനിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിപ്ലവപ്പാര്‍ട്ടിയാണ്‌. ഇന്‍ഡ്യന്‍ മണ്ണിലെ ഒരേയൊരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. 1948 ഏപ്രില്‍ 24ന്‌ ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികന്‍ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്‍റെ നേതൃത്വത്തിലാണ്‌ പാര്‍ട്ടി സ്ഥാപിതമായത്‌. പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി അദ്ദേഹമായിരുന്നു. 1976 ആഗസ്റ്റ്‌ 5 ന്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ നിര്യാതനായതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഉറ്റ സഖാവും പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ സഖാവ്‌ നിഹാര്‍മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി. 2010 ഫെബ്രുവരി 18 ന്‌ സഖാവ്‌ നിഹാര്‍മുഖര്‍ജി അന്തരിച്ചു. തുടര്‍ന്ന്‌ സഖാവ്‌ പ്രൊവാഷ്‌ ഘോഷ്‌ ജനറല്‍ സെക്രട്ടറിയായി.
ഇന്‍ഡ്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ പാര്‍ട്ടി 1969 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന്‌ സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലും പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്‌. ഉന്നതമായ തൊഴിലാളിവര്‍ഗ്ഗ സംസ്‌കാരത്തിലും പ്രബുദ്ധതയിലുമധിഷ്‌ഠിതമായി ജനകീയ സമരങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ട്‌ ജനങ്ങളുടെ സ്വന്തം സമരോപകരണങ്ങളെന്ന നിലയില്‍ ജനകീയ സമര സമരിതികള്‍ കെട്ടിപ്പടുക്കുകയെന്ന വിപ്ലവകരമായ ജനകീയ പ്രവര്‍ത്തനത്തിലൂടെ ഇന്ന്‌ കേരളരാഷ്‌ട്രീയത്തിലെ ഗണ്യമായ ഒരു സാന്നിദ്ധ്യമായി എസ്‌.യു.സി.ഐ (സി) മാറിയിരിക്കുന്നു. ജനങ്ങളെ സങ്കുചിത കക്ഷിരാഷ്‌ട്രീയത്തിനും ജാതി മത പരിഗണനകള്‍ക്കുമതീതമായി ജനകീയ സമരസമിതികളില്‍ ഒന്നിപ്പിച്ചുകൊണ്ടും അവര്‍ക്കിടയില്‍ നിന്നുതന്നെ നേതൃത്വത്തെ സൃഷ്‌ടിച്ചുകൊണ്ടുമുള്ള ജനകീയ പ്രതിരോധ രാഷ്‌ട്രീയത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിക്കാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. ലോകബാങ്ക്‌ പദ്ധതിയായ ഡി.പി.ഇ.പിക്കെതിരായ വിദ്യാഭ്യാസ സംരക്ഷണസമരം, ആലപ്പുഴയിലെ കരിമണല്‍ ഖനനത്തിനെതിരായ സമരം, കൃഷിഭൂമിക്ക്‌ വേണ്ടി കര്‍ഷകത്തൊഴിലാളികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെങ്ങറസമരം, മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കല്‍വിരുദ്ധ സമരം, വിഴിഞ്ഞത്തെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരം, നിലനില്‌പിനു വേണ്ടി വയനാട്ടിലെ കൃഷിക്കാര്‍ വളര്‍ത്തിയെടുത്ത കര്‍ഷപ്രതിരോധ സമിതി, ദേശീയപാത വികസനത്തിന്റെ മറവില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്ന റോഡ്‌ സ്വകാര്യവല്‍ക്കരണ പദ്ധതിക്കും അതിന്റെ പേരിലുള്ള വമ്പിച്ച കുടിയൊഴിപ്പിക്കലിനുമെതിരെ ഇന്ന്‌ സംസ്ഥാനവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബഹുജനസമരം എന്നിങ്ങനെ നിരവധി സമരങ്ങള്‍ ഉദാഹരണം.

2009 ഒക്‌ടോബര്‍ 1 മുതല്‍ 5 വരെ കോട്ടയത്ത്‌ നടന്ന രണ്ടാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത 18 അംഗ സംസ്ഥാന കമ്മിറ്റിയാണ്‌ സംസ്ഥാന സംഘടയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ സഖാവ്‌ സി.കെ.ലൂക്കോസ്‌ ആണ്‌ സംസ്ഥാന കമ്മിറ്റി സെക്രട്ടറി. 17 അംഗ ജില്ലാക്കമ്മിറ്റിയാണ് എറണാകുളം ജില്ലയിലുള്ളത്. സഖാവ് ടി.കെ. സുധീര്കുമാറാണ് ജില്ലാ സെക്രട്ടറി.

ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണാധികാരികളുടെ പക്കല്‍ നിന്ന്‌ ഇന്‍ഡ്യന്‍ ദേശീയ ബൂര്‍ഷ്വാസിയുടെ കൈകളിലേയ്‌ക്ക്‌ അധികാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ്‌ എസ്‌.യു.സി.ഐ ജന്മം കൊണ്ടത്‌. പില്‍ക്കാലത്ത്‌ പലതായി പിളര്‍ന്നുപോയ പഴയ അവിഭജിത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്‍ഡ്യ (സി.പി.ഐ) അന്ന്‌ പ്രബലമായിരുന്നു. സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സമ്മതിയെ അന്ന്‌ ആ പാര്‍ട്ടി മുതലെടുത്തിരുന്നു. പക്ഷെ, ആ പാര്‍ട്ടി മാര്‍ക്‌സിസ്റ്റ്‌ പ്രയോഗശാസ്‌ത്രവും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും മനസ്സിലാക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്‌. തന്മൂലം, അവര്‍ക്ക്‌ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ശരിയായ ലൈന്‍ അനുവര്‍ത്തിക്കാന്‍ സാധിച്ചില്ല. ശരിയായ വര്‍ഗ്ഗവീക്ഷണത്തോടുകൂടിയ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം വളര്‍ത്തിയെടുക്കാനും അവര്‍ക്ക്‌ കഴിഞ്ഞില്ല. ശരിയായ ലൈനില്‍ നിന്ന്‌ വ്യതിചലിച്ച്‌ ഒന്നുകില്‍ വലതുപക്ഷ അവസരവാദം, അല്ലെങ്കില്‍ ഇടതുസാഹസികവാദം ഇങ്ങനെ രണ്ട്‌ പാരമ്യങ്ങളിലേയ്‌ക്കും അവര്‍ മാറിമാറി ചാഞ്ചാടിക്കൊണ്ടിരുന്നു.
സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ മാര്‍ക്‌സിസം – ലെനിനിസത്തിന്റെ വെളിച്ചത്തിലും ദ്വന്ദ്വാത്മകമായ വിശകലനപദ്ധതിയനുസരിച്ചും അന്നത്തെ സി.പി.ഐ യെ വിശകലനം ചെയ്‌തു. ജനാധിപത്യ കേന്ദ്രീയതാ തത്ത്വത്തിന്റെയടിസ്ഥാനത്തിലും, സാമൂഹിക നേതൃത്വത്തിന്‍കീഴിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്പാര്‍ട്ടിയല്ല സി.പി.ഐ എന്ന ഉറച്ച നിഗമനത്തിലാണദ്ദേഹം എത്തിച്ചേര്‍ന്നത്‌. മാര്‍ക്‌സിസത്തിന്‌ നിരക്കാത്ത പ്രവൃത്തികളുടെ അനിവാര്യ ഭവിഷ്യത്തെന്ന നിലയില്‍ ആ പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗേതരമായ ഒരു പെറ്റിബൂര്‍ഷ്വാ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയായിത്തീര്‍ന്നിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന്‌ ഇന്‍ഡ്യയിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന നിലയില്‍ എസ്‌.യു.സി.ഐ കെട്ടിപ്പടുക്കാനുള്ള ഒരു സമരം അദ്ദേഹം ആരംഭിച്ചു. ലെനിനിസ്റ്റ്‌ മാതൃകയിലുള്ള ഒരു വിപ്ലവപ്പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള അവശ്യ മുന്നുപാധികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയുള്ള സമരം. അതില്‍ അദ്ദേഹം മാര്‍ക്‌സിസ്റ്റ്‌ പ്രയോഗശാസ്‌ത്രം അണുവിട വ്യത്യാസമില്ലാതെ അനുവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരത്തിലെ അനനുരഞ്‌ജന ധാരയില്‍ തന്റെയൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരുപിടി വിപ്ലവകാരികളെയും ഈ സമരത്തില്‍ അദ്ദേഹം തന്റെയൊപ്പം കൂട്ടി. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപീകരിക്കുകയെന്ന ചരിത്രദൗത്യം നിറവേറ്റാന്‍ വേണ്ടി നടന്ന ആ സമരത്തില്‍ അവര്‍ ജീവിതത്തിന്റെയും ചിന്തയുടെയും സംഘടനയുടെയും എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്ന തീവ്രമായ ഒരു സോഷ്യലിസ്റ്റ്‌ സമരത്തില്‍ മുഴുകി. സ്വകാര്യ ജീവിതവും അതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടില്ല. ഒരേ ചിന്താപ്രക്രിയ, ചിന്തയിലുള്ള ഐകരൂപ്യം, സമീപനത്തിലുള്ള ഒരുമ, ലക്ഷ്യത്തിലുള്ള ഏകത്വം എന്നിവ കൈവരിച്ചുകൊണ്ട്‌ പാര്‍ട്ടിയില്‍ പ്രത്യയശാസ്‌ത്രകേന്ദ്രീയതയ്‌ക്ക്‌ അടിത്തറയിടുക എന്നതായിരുന്നു ലഭ്യം. അത്‌ സാക്ഷാത്‌കരിക്കാനായി അവര്‍ വിവിധ ഉപാധികള്‍ കൈക്കൊണ്ടു. സ്റ്റഡിക്ലാസ്സുകളും, സ്റ്റഡിസര്‍ക്കിളുകളും സ്‌കൂള്‍ ഓഫ്‌ പൊളിറ്റിക്‌സും സംഘടിപ്പിച്ചു. നേതാക്കളും കേഡര്‍മാരും പാര്‍ട്ടികമ്മ്യൂണുകളില്‍ ഒന്നിച്ച്‌ താമസിച്ചു. നേതാക്കളും കേഡര്‍മാരും തമ്മില്‍ നേരിട്ടുള്ള പരസ്‌പരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായകമായ പങ്ക്‌ വഹിക്കാന്‍ അത്‌ സഹായകമായി. അതെല്ലാം പാര്‍ട്ടിയുടെ ആകമാനമുള്ള സാമൂഹികജ്ഞാനം വളര്‍ന്ന്‌ വികസിക്കാന്‍ ഉപകരിച്ചു. ആ സാമൂഹികജ്ഞാനം പാര്‍ട്ടിയുടെ സാമൂഹിക നേതൃത്വത്തിന്‌ ജന്മം നല്‍കി. ഒരു നിശ്ചിതരാജ്യത്തെ മൂര്‍ത്തസാഹചര്യത്തില്‍ മാര്‍ക്‌സിസം-ലെനിനിസത്തെ സൃഷ്‌ടിപരമായും മൂര്‍ത്തമായും പ്രയോഗത്തില്‍വരുത്തുന്ന പ്രക്രിയയിലൂടെ ഈ സാമൂഹികനേതൃത്വം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കുള്ളില്‍ മൂര്‍ത്തവും വ്യക്തിവല്‍കൃതവുമായിത്തീരുന്നു. എസ്‌.യു.സി.ഐ യില്‍ സാമൂഹികനേതൃത്വത്തിന്റെ വ്യക്തിവല്‍കൃതപ്രകാശനമായി, പാര്‍ട്ടിയൊടെന്നാകെ നേതാവും ആചാര്യനും മാര്‍ഗ്ഗദര്‍ശിയുമായി സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ഉയര്‍ന്നുവന്നു.

വിപ്ലവപ്പാര്‍ട്ടി രൂപീകരണത്തിനുള്ള മറ്റൊരു മൗലിക മുന്നുപാധി പ്രൊഫഷണല്‍ വിപ്ലവകാരികളുടെ ഒരു ദളം കെട്ടിപ്പടുക്കുകയെന്നതാണ്‌. ആ സമരത്തിലും പാര്‍ട്ടി വിജയിച്ചു. പാര്‍ട്ടിക്കുമുമ്പില്‍ സമ്പൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ചുകൊണ്ട്‌ സ്വകാര്യതാല്‌പര്യത്തെ തൊഴിലാളിവര്‍ഗ്ഗത്തിന്റെയും വിപ്ലവത്തിന്റെയും പാര്‍ട്ടിയുടെയും താല്‌പര്യങ്ങളുമായി താദാത്മ്യപ്പെടുത്താനുള്ള സമരത്തില്‍ പൂര്‍ണ്ണമനസ്സോടെയും യാതൊരു കലവറയുമില്ലാതെയും മുഴുകിയിരിക്കുന്ന വിപ്ലവകാരികളാണ്‌ പ്രൊഫഷണല്‍ വിപ്ലവകാരികള്‍. നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്നതും പ്രത്യയശാസ്‌ത്രം, തത്ത്വചിന്ത, രാഷ്‌ട്രീയം, സംസ്‌കാരം തുടങ്ങിയ മണ്‌ഡലങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നതുമായ തീക്ഷ്‌ണമായ ഒരു സമരത്തിലൂടെ ഈ മുന്നുപാധികള്‍ പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നാണ്‌ 1948 ഏപ്രില്‍ 24 ന്‌ നടന്ന സ്ഥാപനകണ്‍വനില്‍ വച്ച്‌ എസ്‌.യു.സി.ഐ രൂപീകരിക്കപ്പെട്ടത്‌. ഈ കഠിനസമരത്തിലുടനീളവും, തന്റെ അന്ത്യശ്വാസം വരെയും സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ എല്ലാത്തരത്തിലും പെടുന്ന ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ സോഷ്യല്‍ഡെമോക്രാറ്റിക്‌ പ്രത്യയശാസ്‌ത്രങ്ങള്‍ക്കും ആധുനിക തിരുത്തല്‍വാദ പ്രത്യയശാസ്‌ത്രത്തിനുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടി. ബൂര്‍ഷ്വാവ്യക്തിവാദത്തിന്റെ ദുഷിച്ച സ്വാധീനത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്‌ത്‌ പാര്‍ട്ടി നേതാക്കളുടെയും കേഡര്‍മാരുടെയും തൊഴിലാളിവര്‍ഗ്ഗ സാംസ്‌കാരിക – ധാര്‍മ്മിക – നൈതിക നിലവാരം നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയുള്ള അക്ഷീണമായ സമരവും അദ്ദേഹം നടത്തി.

ഈ വിധത്തില്‍ പ്രത്യയശാസ്‌ത്രപരമായും രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഉരുക്കുപോലുറച്ച ദാര്‍ഢ്യം കൈവരിച്ച എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) രാജ്യത്തിനുള്ളിലും വിദേശത്തുമുള്ള എല്ലാ മുതലാളിത്ത- സാമ്രാജ്യത്വ – ഫാസിസ്റ്റ്‌ ശക്തികള്‍ക്കുമെതിരെ ജനതാല്‌പര്യമുയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ മദ്ധ്യത്തില്‍ അചഞ്ചലം നിലകൊള്ളുന്നു. അങ്ങനെ, 1948 ല്‍ വിരലിലെണ്ണാവുന്ന വിപ്ലവകാരികളെ മാത്രം വച്ചുകൊണ്ട്‌ തുടങ്ങിയ പാര്‍ട്ടി ഇന്ന്‌ രാജ്യത്തെമ്പാടും പ്രവര്‍ത്തിക്കുന്ന ബൃഹത്തായ ഒരു സംഘടയായിത്തീര്‍ന്നിരിക്കുന്നു. പാര്‍ട്ടി തനതായും, ട്രേഡ്‌ യൂണിയന്‍, കര്‍ഷക – യുവജന – വിദ്യാര്‍ത്ഥി – വനിതാ പ്രസ്ഥാനങ്ങളിലൂടെയും രാജ്യവ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു വിപ്ലവപ്പാര്‍ട്ടിയുടെയുമെന്നപോലെ എസ്‌.യു.സി.ഐ (സി)യുടെയും നേതാക്കളും കേഡര്‍മാരും ഭരണകൂടഭീകരതയ്‌ക്കും മൃഗീയമായ അടിച്ചമര്‍ത്തലിനും ഇരകളായിട്ടുണ്ട്‌. ഇപ്പോഴും ഇരകളായിക്കൊണ്ടിരിക്കുന്നു. അനവധി പേര്‍ ജയിലഴികള്‍ക്കുള്ളിലാണ്‌. നിരവധിപേര്‍ക്ക്‌ ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്‌.

സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ നേതൃത്വത്തില്‍ എസ്‌.യു.സി.ഐ എക്കാലവും തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ പതാക ഉയര്‍ത്തിപ്പിടിച്ചു. ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അഭിമുഖീകരിക്കേണ്ടിവന്ന ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടി ഈ അടിസ്ഥാനത്തിലുള്ള നിലപാട്‌ കൈക്കൊണ്ടു. ക്രൂഷ്‌ചേവിന്റെ ആധുനിക തിരുത്തല്‍വാദി സംഘം സ്റ്റാലിനെതിരായി നടത്തിയ ആക്രമണം, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ളില്‍ തിരുത്തല്‍വാദികള്‍ നടത്തിയ വിഘടനപ്രവര്‍ത്തനങ്ങള്‍, ചെനയിലെ മഹത്തായ തൊഴിലാളിവര്‍ഗ്ഗ സ്‌കാരികവിപ്ലവം തുടങ്ങിയ ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ള നിലപാട്‌ തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയില്‍ അടിയുറച്ചതായിരുന്നു. സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ എന്നും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയ ഐക്യദാര്‍ഢ്യത്തിനും വേണ്ടി നിലകൊണ്ടു. അതേ സമയം തന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ളിലെ പോരായ്‌മകളെ സംബന്ധിച്ചും അദ്ദേഹം സമയോചിതമായ മുന്നറിയിപ്പുകള്‍ നല്‌കിയിട്ടുണ്ട്‌. സ്വയംവിമര്‍ശനപരമായ സമീപനത്തോടെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയുമാണ്‌ അദ്ദേഹം അത്‌ ചെയ്‌തത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ , 1948 ല്‍, സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ നേതൃത്വത്തില്‍ എസ്‌.യു.സി.ഐ, ലോകകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നിരവധിയായ നേട്ടങ്ങളെ അഭിമാനപൂര്‍വ്വവും ആദരവോടെയും അംഗീകരിച്ചുകൊണ്ട്‌ തന്നെ, “ലോകകമ്മ്യൂണിസ്റ്റ്‌ ക്യാമ്പിന്റെ നേതൃത്വം വലിയൊരളവ്‌ വരെ യാന്ത്രികമായ ചിന്താപ്രക്രിയയുടെ സ്വാധീനത്തിലാണ്‌ ” എന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു.
മാര്‍ക്‌സ്‌, എംഗല്‍സ്‌, ലെനിന്‍, സ്റ്റാലിന്‍, മാവോ സെ തുങ്‌ എന്നീ മഹാന്മാരായ ആചാര്യന്മാരുടെ അര്‍ഹനായ പിന്‍ഗാമിയെന്ന നിലയില്‍ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വികാസത്തിനും വളര്‍ച്ചയ്‌ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. അദ്ദേഹം ആധുനിക തിരുത്തല്‍വാദം എന്ന പുതുതായി പ്രത്യക്ഷപ്പെട്ട പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്‌തു. അതിന്റെ മൂലകാരണം കണ്ടെത്തി. അങ്ങനെ ആധുനിക തിരുത്തല്‍വാദത്തെ പരാജയപ്പെടുത്താനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള നിര്‍ണ്ണായകമായ മാര്‍ഗ്ഗം കാട്ടിത്തന്നു. ലോകകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ആധുനികതിരുത്തല്‍വാദത്തിന്റെ ആപത്‌കരമായ സ്വാധീനത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ വേണ്ടിയുള്ള സമരത്തിന്റെ പാത അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെതന്നെ, അദ്ദേഹം ആധുനികശാസ്‌ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളെ സംബന്ധിച്ച ശരിയായ വ്യാഖ്യാനത്തിന്റെയടിസ്ഥാനത്തില്‍ മാര്‍ക്‌സിസം-ലെനിനിസത്തെപ്പറ്റിയുള്ള ധാരണയെ പുതിയൊരു തലത്തിലേയ്‌ക്കുയര്‍ത്തുകയുണ്ടായി. ഈ രണ്ട്‌ മണ്‌ഡലങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ സംഭാവനകളെ മാര്‍ക്‌സിസം – ലെനിനിസത്തിന്റെ വിജ്ഞാനശേഖരത്തിലേയ്‌ക്കുള്ള മുതല്‍ക്കൂട്ടുകളെന്ന്‌ ലോക കമ്മ്യൂണിസ്റ്റുകള്‍ പ്രകീര്‍ത്തിച്ചുവരുന്നു.

സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ നിര്യാണശേഷവും എസ്‌.യു.സി.ഐ(സി) ലോകവിപ്ലവത്തിന്റെയും സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും മുന്നേറ്റത്തെ സഹായിക്കാനായി പരമാവധി യത്‌നിച്ചുവരുന്നു. ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റ്‌ പെരിസ്‌ട്രോയിക്ക പരിപാടികളെ വിശകലനം ചെയ്‌ത പാര്‍ട്ടി അത്‌ പ്രതിവിപ്ലവത്തിന്റെ ബ്ലൂപ്രിന്റ്‌ ആണെന്ന അസന്ദിഗ്‌ദ്ധമായ നിഗമനത്തില്‍ എത്തിച്ചേരുകയുണ്ടായി. സോവിയറ്റ്‌ യൂണിയനിലെ ജനങ്ങള്‍ക്കും ലോകത്തെങ്ങുമുള്ള ജനങ്ങള്‍ക്കും അത്‌ സംബന്ധിച്ച്‌ പാര്‍ട്ടി സമയോചിതമായ മുന്നറിയിപ്പ്‌ നല്‍കി. മുന്‍ സോവിയറ്റ്‌ യൂണിയിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിവിപ്ലവത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ കമ്മ്യൂണിസത്തിനും മാര്‍ക്‌സിസം-ലെനിനിസത്തിനുമെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ പാര്‍ട്ടി മുന്നില്‍ നിന്നു. അതിന്റെ ഭാഗമായി പ്രത്യയശാസ്‌ത്ര – ദാര്‍ശനിക വിഷയങ്ങളിലുള്ള ആശയസമരത്തെ പുനരുജ്ജീവിപ്പിച്ചു. ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ വീണ്ടും ഒരു കൊടിക്കീഴില്‍ കൊണ്ടുവരാനും പുനരുജ്ജീവിപ്പിക്കാനും വേണ്ടി ശക്തമായ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിനുള്ള ആദ്യ ചുവടുവയ്‌പെന്ന നിലയില്‍, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ശക്തികള്‍ കേന്ദ്രസ്ഥാനത്ത്‌ നിന്ന്‌ ചാലകശക്തിയായി വര്‍ത്തിക്കുന്നതും, ശക്തവും വീറുറ്റതുമായ ഒരു സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ലോകവ്യാപകമായി വളര്‍ത്തിയെടുക്കുകയെന്ന കര്‍ത്തവ്യം ഏറ്റെടുത്തു.

നേതാക്കളുടെയും കേഡര്‍മാരുടെയും അവസാനത്തുള്ളി രക്തവും നല്‍കി സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയുടെയും പതാക ഉയര്‍ത്തിപ്പിടിക്കുമെന്ന്‌ എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) പ്രതിജ്ഞ ചെയ്യുന്നു.

എസ്‌.യു.സി.ഐ (സി)യുടെ ആശയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗ-ബഹുജന മുന്നണി സംഘടനകള്‍
ആള്‍ ഇന്‍ഡ്യ യുണൈറ്റഡ്‌ ട്രേഡ്‌ യൂണിയന്‍ സെന്റര്‍ (എ.ഐ.യു.റ്റി.യു.സി)
ഇന്‍ഡ്യയിലെ പ്രബല കേന്ദ്ര ട്രേഡ്‌ യൂണിയനുകളിലൊന്ന്‌. സാര്‍വ്വദേശീയ ട്രേഡ്‌ യൂണിയന്‍ വേദിയായ ഡബ്ല്യു.എഫ്‌.ടി.ഒ യില്‍ അഫിലിയേറ്റ്‌ ചെയ്‌ത ട്രേഡ്‌ യൂണിയന്‍.

ആള്‍ ഇന്‍ഡ്യ ഡെമോക്രാറ്റിക്‌ സ്റ്റുഡന്റ്‌സ്‌ ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്‌.ഒ)
ജനാധിപത്യപരവും മതേതരവുമായ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഉന്നതമായ സംസ്‌കാരത്തിലും നീതിബോധത്തിലുമധിഷ്‌ഠിതമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം രാജ്യത്താകമാനം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ആള്‍ ഇന്‍ഡ്യ മഹിളാ സാംസ്‌കൃതിക്‌ സംഘടന (അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന) – എ.ഐ.എം.എസ്‌.എസ്‌
“തുല്യാവകാശം, പുരോഗതി, സോഷ്യലിസം” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ പ്രവര്‍ത്തിച്ചുവരുന്നു. സ്‌ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സാമൂഹ്യവും സാംസ്‌കാരികവും നിയമപരവും രാഷ്‌ട്രീയവുമായ ബൃഹത്തായ പ്രസ്ഥാനം ദേശവ്യാപകമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു.

ആള്‍ ഇന്‍ഡ്യ ഡെമോക്രാറ്റിക്‌ യൂത്ത്‌ ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.വൈ.ഒ)
സമൂലമായ സാമൂഹ്യ പരിവര്‍ത്തനത്തിന്‌ വേണ്ടി പ്രബുദ്ധമായ യുവജനപ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ യുവജനസംഘടന.

ഭരണവര്‍ഗ്ഗം ജനങ്ങള്‍ക്കെതിരെ നടത്തുന്ന സാമ്പത്തികമോ രാഷ്‌ട്രീയമോ സാമൂഹ്യമോ സാംസ്‌കാരികമോ ആയ ഏതൊരാക്രമണത്തിനുമെതിരെ ജനങ്ങളെ സങ്കുചിത കക്ഷിരാഷ്‌ട്രീയ ജാതി-മത പരിഗണനകള്‍ക്കതീതമായി ഏകോപിപ്പിക്കുന്ന ഏതൊരു പ്രസ്ഥാനത്തെയും എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) പിന്തുണയ്‌ക്കുന്നു. അതുപോലെതന്നെ, ജനങ്ങളുടെ സാംസ്‌കാരികമായ നട്ടെല്ല്‌ തകര്‍ക്കാനും ശാസ്‌ത്രീയവും യുക്ത്യധിഷ്‌ഠിതവുമായ ചിന്തയ്‌ക്കുള്ള ശേഷി കെടുത്താനും ഭരണവര്‍ഗ്ഗം ഗൂഢാലോചന നടത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍, ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രബോധവും ഉന്നതമായ മാനുഷിക മൂല്യങ്ങളോട്‌ ആഭിമുഖ്യവും വളര്‍ത്താന്‍ ശ്രമിക്കുന്ന ഏതൊരു സംരംഭത്തെയും പ്രസ്ഥാനത്തെയും പാര്‍ട്ടി പിന്തുണയ്‌ക്കുന്നു. അത്തരത്തിലുള്ള അസംഖ്യം സംഘടനകളില്‍ എസ്‌.യു.സി.ഐ (സി) പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തകരെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Posted June 17, 2015 by EKMSUCI in Uncategorized

%d bloggers like this: